EXPLORE
സഞ്ചാരികൾക്ക് വിസ്മയക്കാഴ്ചയൊരുക്കി വിയറ്റ്നാമിലെ അത്ഭുത ദ്വീപ്


Continue Reading
Published
11 months agoon
ലോകത്ത് വിനോദ സഞ്ചാര മേഖലയ്ക്ക് അതീവ പ്രാധാന്യം നൽകുന്ന നിരവധി രാജ്യങ്ങൾ ഉണ്ട് അത്തരത്തിൽ ഒരു രാജ്യമാണ് വിയറ്റ്നാം. നയന മനോഹരമായ കാഴ്ചകളും, നാവിന് രുചിയേറുന്ന പല തരം വിഭവങ്ങളും, വേറിട്ട സംസ്കാരവുമാണ് വിനോദ സഞ്ചാരികൾ വിയറ്റ്നാമിനെ ഇഷ്ടപ്പെടാനുള്ള പ്രധാന കാരണങ്ങൾ.
വിനോദ സഞ്ചാരത്തിന് പേരു കേട്ട മറ്റു പല രാജ്യങ്ങളെയും അപേക്ഷിച്ച് ഏവർക്കും പോകാൻ കഴിയുന്ന ചിലവു കുറഞ്ഞ ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് വിയറ്റ്നാം. മനോഹരമായ നദികളും, പളുങ്കു പോലെ തിളങ്ങുന്ന കടൽത്തീരങ്ങളും, നഗരക്കാഴ്ചകളും, ബുദ്ധൻ്റെ പഗോഡകളും വിയറ്റ്നാമിനെ സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതാക്കി മാറ്റുന്നു.
വിയറ്റ്നാമിലെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിലൊന്നാണ് ഫൂ ക്വോക് ദ്വീപ്. ഭൂമിയിലെ സ്വർഗ്ഗം എന്നാണ് ഇവിടെ എത്തുന്ന സഞ്ചാരികൾ ഈ ദ്വീപിനെ വിശേഷിപ്പിക്കുന്നത്. അധികമൊന്നും ആധുനികവൽക്കരിക്കപ്പെടാത്ത തനതായ സൗന്ദര്യമാണ് ഈ ദ്വീപിൻ്റെ പ്രധാന ആകർഷണം. ഫൂ ക്വോക് ദ്വീപിൻ്റെ വിസ്തൃതി 574 സ്ക്വയർ കിലോമീറ്ററാണ്.
വിനോദ സഞ്ചാരം, മത്സ്യബന്ധനം, കൃഷി എന്നിവയാണ് ഈ ദ്വീപ് നിവാസികളുടെ പ്രധാന ജീവിത മാർഗം. മനോഹരമായ ഈ ദ്വീപ് വർഷങ്ങളോളം അധികമാരാലും ശ്രദ്ധിക്കപ്പെടാതെ കിടക്കുകയായിരുന്നു. 2014-ലാണ് വിയറ്റ്നാം സർക്കാർ ഈ ദ്വീപിനെ വിനോദ സഞ്ചാര മേഖലയുടെ ഭാഗമാക്കി മാറ്റിയത്. അതി മനോഹരമായ കടൽത്തീരമാണ് ഫൂ ക്വോക് ദ്വീപിനെ കൂടുതൽ മനോഹരിയാക്കി മാറ്റുന്നത്.
28-ഓളം ചെറു ദ്വീപുകൾ ചേർന്ന ദ്വീപ് സമൂഹമാണ് ഫൂ ക്വോക് ദ്വീപ് എന്നറിയപ്പെടുന്നത്. ഇത്തരത്തിലുള്ള ചെറു ദ്വീപുകളിൽ ഏറ്റവും മനോഹരമായ ദ്വീപാണ് ഫൂ ക്വോക്. തായ്ലൻഡ് ഉൾക്കടൽ മേഖലയിലാണ് ഫൂ ക്വോക് ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഈ ദ്വീപ് സമൂഹത്തിലെ മറ്റൊരു മനോഹരമായ ദ്വീപാണ് ഹോൻ സ്വോങ്ങ്. പ്രശസ്ത നോവലായ റോബിൻസൺ ക്രൂസോയിൽ ഈ ദ്വീപിനെ പറ്റി പ്രതിപാദിക്കുന്നുണ്ട്.
അതു കൊണ്ടു തന്നെ പ്രദേശ വാസികൾ റോബിൻസൺ ക്രൂസോ എന്നും ഈ ദ്വീപിനെ വിളിക്കാറുണ്ട്. കടല് കൊണ്ട് ചുറ്റപ്പെട്ട ഈ മനോഹരമായ ദ്വീപ് സഞ്ചാരികളുടെ പറുദീസ തന്നെയാണ്. നിലവിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ കേബിൾ കാർ സൗകര്യമുള്ളത് ഇവിടെയുള്ള ഹോൺ തോം ദ്വീപിലാണ്. പൈനാപ്പിൾ ദ്വീപ് എന്നാണ് ഹോൺ തോം അറിയപ്പെടുന്നത്.
70 ക്യാബിനുകൾ ഉള്ള ഇവിടുത്തെ കേബിൾ കാറിൽ വെറും ഒരു മണിക്കൂറിനുള്ളിൽ തന്നെ 3500 പേർക്ക് ഈ ദ്വീപ് ചുറ്റി കാണാൻ കഴിയും. വിനോദ സഞ്ചാരികളുടെ കേന്ദ്രമായിട്ടും ഏറ്റവും വൃത്തിയുള്ള ദ്വീപാണ് പൈനാപ്പിൾ ദ്വീപ്. പഞ്ചാര മണൽത്തരികളുള്ള മനോഹരമായ കടൽത്തീരം ഏതൊരു സഞ്ചാരിയുടെയും മനസ്സ് കുളിർപ്പിക്കും.
ഈ ദ്വീപ് സമൂഹത്തിലെ ഏറ്റവും നീളമേറിയ ബീച്ചായ സാവോ ബീച്ച് സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്. മനോഹരമായ ഉദയാസ്തമയ കാഴ്ചകളും, ചുവന്ന നക്ഷത്ര മത്സ്യങ്ങളും സാവോ ബീച്ചിൻ്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. ഫൂ ക്വോക് ദ്വീപിൻ്റെ പകുതി ഭാഗവും ദേശീയോദ്യാനമാണ്. മുകളിൽ നിന്നു നോക്കുമ്പോൾ പച്ചപ്പു നിറഞ്ഞ ഒരു പ്രദേശമായാണ് നമുക്ക് ഈ ദിലീപിനെ കാണാൻ കഴിയുക.
വിനോദ സഞ്ചാരികളെ ആകർഷിക്കാൻ അത്യാധുനിക സൗകര്യങ്ങൾ അടങ്ങിയ ഹോട്ടലുകളും, റിസോർട്ടുകളും ഇവിടെയുണ്ട്. വിയറ്റ്നാമിൽ വെച്ച് ലഭിക്കാവുന്ന ഏറ്റവും രുചികരമായ കടൽ വിഭവങ്ങൾ ലഭിക്കുന്നതും ഈ ദ്വീപിൽ തന്നെയാണ്. ഏതൊരു സഞ്ചാരിയും ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട ഇടങ്ങളിൽ ഒന്നു തന്നെയാണ് ഫൂ ക്വോക് ദ്വീപ്.