TRAVEL STORIES
കോഴിക്കോടിൻ്റെ സ്വന്തം ഊട്ടി


Continue Reading
Published
11 months agoon
ദൈവത്തിൻ്റെ സ്വന്തം നാടായ കേരളത്തിലെ കോഴിക്കോട് ജില്ലയിലെ പ്രകൃതി രമണീയമായ സ്ഥലമാണ് മലബാറിൻ്റെ ഊട്ടി എന്ന വിശേഷണമുള്ള “കരിയാത്തും പാറ”. കേരളത്തിൽ അധികമാർക്കും പരിചിതമല്ലാത്ത സ്വർഗ്ഗ ഭൂമി തന്നെയാണ് ഈ പ്രദേശം.
എങ്കിലും ദിവസേന അനവധി വിനോദ സഞ്ചാരികൾ എത്തിച്ചേരുന്ന സ്ഥലമാണിത്. കോഴിക്കോട്ടെ കക്കയം എന്ന പ്രദേശത്തോട് ചേർന്നു നിൽക്കുന്ന സ്ഥലമാണ് കരിയാത്തും പാറ. കോഴിക്കോട് ടൗണിൽ നിന്നും ഏകദേശം 46 കിലോ മീറ്റർ ദൂരമാണ് ഇവിടേക്കുള്ളത്. സ്വന്തമായി വാഹനം ഉണ്ടെങ്കിൽ കോഴിക്കോട് നിന്നും ഒന്നര മണിക്കൂർ കൊണ്ട് നമുക്ക് ഇവിടെ എത്തിച്ചേരാം.
നിരവധി സിനിമ, സീരിയൽ, സംഗീത ആൽബങ്ങൾക്ക് കരിയാത്തും പാറ വേദിയായിട്ടുണ്ട്. കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് പരിധിയിലാണ് ഈ പ്രദേശം വരുന്നത്. മനോഹരമായ പൈൻ മരങ്ങളും, പുൽത്തകിടിയും, പളുങ്ക് പോലുള്ള നദിയും കരിയാത്തും പാറയെ കൂടുതൽ മനോഹരിയാക്കി മാറ്റുന്നുണ്ട്. സഞ്ചാരികൾക്കായി കുതിര സവാരിയും ഇവിടെ ലഭ്യമാണ്.
ഊട്ടിയോട് രൂപ സാദൃശ്യമുള്ള പ്രകൃതി ഭംഗിയാണ് കരിയാത്തും പാറയ്ക്ക് ഉള്ളത്. വളരെ വൃത്തിയുള്ള ഈ പ്രദേശം നഗര തിരക്കുകളിൽ നിന്നൊഴിഞ്ഞ് കുടുംബ സമേതം സമയം ചിലവഴിക്കാൻ അത്യുത്തമമാണ്. പ്രകൃതിയുടെ സൗന്ദര്യം വിളിച്ചോതുന്ന കരിയാത്തും പാറയിലെ ചുരം കയറി കഴിഞ്ഞാൽ നമുക്ക് കക്കയം ഡാമിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്നതാണ്.
ഈ പ്രദേശത്തേക്ക് എത്തിച്ചേരാൻ പൊതുഗതാഗത സൗകര്യങ്ങൾ വളരെ പരിമിതമാണ് എന്നതാണ് സഞ്ചാരികൾക്ക് തിരിച്ചടി നൽകുന്ന ഒരേയൊരു കാര്യം. പ്രകൃതിയുടെ അഭൗമമായ സൗന്ദര്യം നിങ്ങൾക്ക് ആസ്വദിക്കണമെങ്കിൽ തീർച്ചയായും കരിയാത്തും പാറയിലേക്ക് വരാവുന്നതാണ്.