Published
10 months agoon
ഒരു കാലത്ത് കോഴിക്കോട് ജില്ലയിലെ പ്രധാന ആകർഷണമായിരുന്നു പെരുവണ്ണാമൂഴി എന്ന പ്രദേശം. കോഴിക്കോട് നിന്ന് ഏകദേശം 49 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. ടൂറിസത്തിന് പേര് കേട്ട പെരുവണ്ണാമൂഴി ഇപ്പോൾ പഴയ കാല പ്രതാപത്തിൻ്റെ ഓർമ്മ മാത്രമാണ്.
പുതുതായി ഉദ്ഘാടനം ചെയ്യപ്പെട്ട മലബാർ വൈൽഡ് ലൈഫ് സാങ്ച്വറിയുടെ ഭാഗം കൂടിയാണ് പെരുവണ്ണാമൂഴി. പശ്ചിമ ഘട്ട മലനിരകളുടെ ഭാഗമായ പെരുവണ്ണാമൂഴിയുടെ പ്രധാനമായ ആകർഷണം ശാന്തവും, മനോഹരവുമായ ഭൂപ്രകൃതിയാണ്. കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായുള്ള കുറ്റ്യാടി ഡാം സ്ഥിതി ചെയ്യുന്നത് പെരുവണ്ണാമൂഴിയിലാണ്.
സുഗന്ധ വിള ഗവേഷണത്തിനും, വന്യ ജീവികൾക്കും പേരു കേട്ട പെരുവണ്ണാമൂഴി മലബാറിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായിരുന്നു. പെരുവണ്ണാമൂഴിയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് ബോട്ടിംഗ് സൗകര്യവും ലഭ്യമാണ്. ഇവിടുത്തെ ഡാമിൽ നിന്ന് കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകളിലേക്ക് ജലം എത്തിക്കുന്നുണ്ട്.
പെരുവണ്ണാമൂഴി ഡാമിന് സമീപത്തായി ഒരു മുതല വളർത്തു കേന്ദ്രവുമുണ്ട്. മുതല വളർത്തു കേന്ദ്രത്തിൽ പക്ഷികളും, പാമ്പുകളും, മറ്റു വന്യ ജീവികളുമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അവിടെ മുതലകൾ മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. മനോഹരമായ പൂന്തോട്ടങ്ങളാൽ സമ്പന്നമായ പെരുവണ്ണാമൂഴിയിൽ ഇന്നത് തകർച്ചയുടെ വക്കിലാണ്.
ഡാമിൻ്റെ പ്രവേശന കവാടത്തിന് മുന്നിലായി കുട്ടികൾക്കുള്ള ഒരു പാർക്ക് ഉണ്ടായിരുന്നു. പിന്നീട് തകർന്നടിഞ്ഞ ഈ പാർക്ക് പുനർ നിർമിച്ച് കൊണ്ടിരിക്കുകയാണ്. ഡാമിലേക്ക് കയറണമെങ്കിൽ പണം കൊടുത്ത് പ്രവേശന പാസ് എടുക്കേണ്ടതായുണ്ട്. അതു പോലെ വീഡിയോഗ്രാഫി, ഫോട്ടോഗ്രാഫി എന്നിവയ്ക്കും പ്രത്യേകം ചാർജുണ്ട്.
ഡാമിന് സമീപത്തായി വാഹനം പാർക്ക് ചെയ്യാനും പണം നൽകണം. നിരവധി പക്ഷി സമൂഹങ്ങളാൽ സമ്പന്നമാണ് പെരുവണ്ണാമൂഴി. ഇവിടെ നിന്ന് 90-ൽ അധികം ഇനങ്ങളിൽ പെട്ട പക്ഷി വർഗങ്ങളെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് കണ്ടെത്തിയിട്ടുണ്ട്.
2008 ആഗസ്റ്റ് 10-ന് ഇവിടെ അന്നത്തെ ടൂറിസം മിനിസ്റ്റർ ഇക്കോ ടൂറിസം പ്രൊജക്ട് ഉദ്ഘാടനം ചെയ്തിട്ടുണ്ട്. പെരുവണ്ണാമൂഴിയിലെ മറ്റൊരു പ്രധാന ആകർഷണം പുറത്ത് നിന്നുള്ള സഞ്ചാരികൾക്കാർക്കും അറിയാത്ത മഞ്ചപ്പാറ വെള്ളച്ചാട്ടമാണ്. പെരുവണ്ണാമൂഴിയിലെ കാടിനുള്ളിലായി സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം അതിമനോഹരമാണ്.
ഒരു കാലത്ത് പെരുവണ്ണാമൂഴി ഡാമിലും, പൂന്തോട്ടത്തിലുമായി നിരവധി സർക്കാർ ജീവനക്കാർ ജോലി ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ വിരലിലെണ്ണാവുന്നവർ മാത്രമാണ് അവിടെയുള്ളത്. പഴയ ജീവനക്കാർ എല്ലാം പിരിഞ്ഞ് പോയപ്പോൾ പകരം ജീവനക്കാരെ എടുത്തിട്ടില്ല. അതു കൊണ്ട് തന്നെ പഴയ കാലത്തെ ആ മനോഹരമായ പുന്തോട്ടങ്ങൾ നമുക്ക് ഇന്നവിടെ കാണാൻ കഴിയില്ല.
പെരുവണ്ണാമൂഴി ഡാം പ്രൊജക്ട് ആരംഭിച്ചത് 1962-ലും പിന്നീട് അത് പൂർത്തികരിച്ചത് 1973-ലും ആണ്. പിന്നീടങ്ങോട്ട് കോഴിക്കോട് ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായി പെരുവണ്ണാമൂഴി മാറുകയായിരുന്നു. പല സ്ഥലങ്ങളിൽ നിന്നും സഞ്ചാരികൾ ഇവിടേക്ക് എത്തിയിരുന്നു.
ഇന്ന് പഴയ കാല പ്രതാപത്തിന് മങ്ങലേറ്റ പെരുവണ്ണാമൂഴി എന്ന മനോഹരമായ പ്രദേശത്തെ പഴയ പ്രൗഡിയിലേക്ക് തിരിച്ച് കൊണ്ടു വരേണ്ടത് എല്ലാ പ്രകൃതി സ്റ്റേഹികളുടെയും കടമയാണ്. മനോഹരമായ ആ നാളുകൾ ഇനി തിരിച്ചു വരുമോ എന്നറിയാൻ നമുക്ക് കാത്തിരിക്കാം.