Published
11 months agoon
ലോകത്തെ അത്ഭുതപ്പെടുത്തുന്ന പല കാര്യങ്ങളും നമുക്ക് കാണാൻ കഴിയുന്ന രാജ്യമാണ് ചൈന. നമുക്ക് എല്ലാം പരിചിതമായതും, പരിചിതമല്ലാത്തതുമായ പലതും ചൈനയിൽ ഉണ്ട്. ചൈന ലോക ശ്രദ്ധയാകർഷിച്ചത് ചൈനീസ് വൻമതിൽ എന്ന മഹത്തായ സൃഷ്ടിയിലൂടെയാണ്.
ചൈനയിൽ നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഉണ്ട്. എന്നാൽ ഇപ്പോൾ വിനോദ സഞ്ചാരികൾ കൂട്ടത്തോടെ എത്തിച്ചേരുന്ന ഒരു പ്രദേശമുണ്ട്. ഭൂമിയിലെ ചന്ദ്രൻ എന്നറിയപ്പെടുന്ന ആ പ്രദേശമാണ് മൂൺ ഹിൽ. ചൈനയിലെ യാങ് ഷുവോക്ക് പട്ടണത്തിന് സമീപത്തായാണ് മൂൺ ഹിൽ സ്ഥിതി ചെയ്യുന്നത്.
ഈ മൂൺ ഹില്ലിൽ അർദ്ധ ചന്ദ്രാകൃതിയിലുള്ള ദ്വാരത്തോട് കൂടിയ പ്രകൃതിദത്തമായ കമാനം സഞ്ചാരികൾക്ക് കാണാൻ സാധിക്കും. 50 മീറ്ററാണ് ഇതിൻ്റെ ഉയരം. വർഷങ്ങൾക്ക് മുമ്പ് ഇത് ഒരു ഗുഹയായിരുന്നു. കാലങ്ങൾ കടന്നു പോയതോടെ ഈ ഗുഹ ഒരു അർദ്ധ ചന്ദ്രാകൃതിയിൽ രൂപാന്തരപ്പെടുകയായിരുന്നു.
ചൈനയിലെ ഗിലിൻ പർവത നിരകളുടെ ഭാഗമാണ് മൂൺ ഹിൽ. മനോഹരമായ സുഗന്ധം പുറപ്പെടുവിക്കുന്ന ഓസ്മാന്തസ് പൂക്കളുടെ കേന്ദ്രം കൂടിയാണ് മൂൺ ഹിൽ. സഞ്ചാരികൾക്കായി ഈ മല നിരകളിൽ ഹൈക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. മല നിരകളിൽ സഞ്ചാരികൾക്ക് ചെറുകിട കച്ചവടക്കാരെയും കാണാൻ സാധിക്കും.
സഞ്ചാരികൾക്കുള്ള ഭക്ഷണ പാനീയങ്ങളും, മറ്റ് അസംസ്കൃത വസ്തുക്കളുമാണ് ഇവിടെ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത്. സാഹസികത നിറഞ്ഞ റോക്ക് ക്ലൈംബിങ്ങും ഇവിടെ സഞ്ചാരിക്കൾക്കായി ഒരുക്കിയിട്ടുണ്ട്. നിലവിൽ ഇത്തരത്തിലുള്ള നിരവധി സാഹസിക കായിക വിനോദങ്ങൾക്ക് ഈ പ്രദേശം വേദിയാവാറുണ്ട്.
അത്യന്തം അപകടം നിറഞ്ഞ ദുർഘടമായ പാതകൾ ഉള്ളതിനാൽ മൂൺ ഹില്ലിലേക്ക് എത്തിച്ചേരുന്ന സഞ്ചാരികൾക്ക് ഇൻഷുറൻസ് പരിരക്ഷയും അധികൃതർ ഒരുക്കിയിട്ടുണ്ട്. നിങ്ങൾ സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരിയാണെങ്കിൽ തീർച്ചയായും ചൈനയിലെ മൂൺ ഹിൽ ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട ഇടം തന്നെയാണ്.