WORLD FOOTBALL
ലയണൽ മെസ്സി: വീണ്ടും ചാംമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കുകയാണ് എൻ്റെ ലക്ഷ്യം


Continue Reading
Published
11 months agoon
ലാ ലീഗ വമ്പൻമാരായ ബാഴ്സലോണയിൽ നിന്ന് ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെൻ്റ് ജർമെയ്നിൽ എത്തിയ ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സി തൻ്റെ നയം വ്യക്തമാക്കിയിരിക്കുകയാണ്. പിഎസ്ജിയ്ക്കൊപ്പം വീണ്ടും ചാമ്പ്യൻസ് ലീഗ് കിരീടം നേടുകയാണ് തൻ്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. പിഎസ്ജിയ്ക്കൊപ്പം ആ ലക്ഷ്യം പൂർത്തീകരിക്കാൻ കഴിയുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഫ്രീ ഏജൻ്റായി മാറിയ ലയണൽ മെസ്സിയെ 2 വർഷത്തെ കരാറിലാണ് ഫ്രഞ്ച് ഭീമന്മാർ സ്വന്തമാക്കിയത്. 2 വർഷത്തിന് ശേഷം വീണ്ടും ഒരു വർഷം കൂടി ദീർഘിപ്പിക്കാവുന്ന തരത്തിലുള്ളതാണ് പുതിയ കരാർ. മെസ്സിയ്ക്ക് വമ്പൻ സ്വീകരണമാണ് പിഎസ്ജിയും, ആരാധകരും ചേർന്ന് ഒരുക്കിയത്. ക്ലബ്ബ് പ്രസിഡൻ്റായ നാസർ അൽ-ഖലേഫി കുടുംബ സമേതമാണ് മെസ്സിയെ സ്വീകരിക്കാൻ എത്തിയത്.
പിഎസ്ജിയിൽ 30-ആം നമ്പർ ജേഴ്സിയാണ് മെസ്സി അണിയുക. വർഷങ്ങൾക്ക് മുമ്പ് ബാഴ്സലോണ സീനിയർ ടീമിനായി അരങ്ങേറ്റ മത്സരം കളിച്ചപ്പോൾ അദ്ദേഹം ധരിച്ചതും 30-ആം നമ്പർ ജേഴ്സിയാണ്.
കിരീടം നേടാനുള്ള ആർജവമുള്ള ടീമാണ് പിഎസ്ജിയെന്നും നെയ്മർ, എംബാപ്പേ തുടങ്ങിയ താരങ്ങൾക്കൊപ്പം കളിക്കുന്നതിൽ താൻ അതീവ സന്തോഷവാനാണെന്നും ലയണൽ മെസ്സി കൂട്ടിച്ചേർത്തു.