Published
10 months agoon
ഫുട്ബോൾ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ച ട്രാൻസ്ഫറുകളാണ് ഇത്തവണ ഫ്രഞ്ച് ലീഗ് വമ്പന്മാരായ പിഎസ്ജി നടത്തിയത്. ഫുട്ബാൾ ഇതിഹാസമായ ലയണൽ മെസ്സിയെ ഫ്രീ ഏജൻ്റായി സ്വന്തമാക്കിയാണ് പിഎസ്ജി ട്രാൻസ്ഫർ വിൻഡോയ്ക്ക് തീ പിടിപ്പിച്ചത്. ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം പിഎസ്ജിയുടെ സൂപ്പർ താരം കെയ്ലിൻ എംബാപ്പെ ക്ലബ്ബ് വിടാനുള്ള സാധ്യതകളേറെയാണ്.
അത്തരമൊരു സാഹചര്യത്തിൽ ഒരു മികച്ച പകരക്കാരനെ തന്നെ പിഎസ്ജി കണ്ടെത്തേണ്ടിയിരിക്കുന്നു. എന്നാൽ ഏറ്റവും അനുയോജ്യനായ ഒരു താരത്തെ തന്നെ പിഎസ്ജി നോമിട്ട് കഴിഞ്ഞു. ആ താരം മറ്റാരുമല്ല ബുണ്ടസ് ലീഗ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്കിൻ്റെ സൂപ്പർ താരം റോബർട്ട് ലെവൻഡോസ്കിയാണ്.
ഇത് സംബന്ധിച്ച ആദ്യ റിപ്പോർട്ടുകൾ പുറത്തു വിട്ടത് പ്രശസ്ത ഫ്രഞ്ച് മാധ്യമമായ എക്സ്പ്രസ്സ് സ്പോർട് ആണ്. എക്സ്പ്രസ്സ് സ്പോർടിൻ്റെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം റോബർട്ട് ലെവൻഡോസ്കിയുടെ ഏജൻ്റ് പിനി സഹാവി അടുത്തിടെ പാരീസിലെത്തി പിഎസ്ജി മാനേജ്മെൻ്റുമായി ചർച്ചകൾ നടത്തിയിട്ടുണ്ട്.
ലെവൻഡോസ്കിയുടെ ട്രാൻസ്ഫർ സംബന്ധമായ ചർച്ചകളാണ് നടത്തിയത്. ഫ്രഞ്ച് താരമായ എംബാപ്പെയ്ക്ക് പിഎസ്ജിയുമായി ഒരു വർഷത്തെ കരാർ മാത്രമാണ് ബാക്കിയുള്ളത്. ക്ലബ്ബുമായി കരാർ പുതുക്കാൻ താരം ഇതുവരെ തയ്യാറായിട്ടില്ല. അതിനാൽ താരം ക്ലബ്ബ് വിട്ട് പോവുകയാണെങ്കിൽ പകരക്കാരൻ എന്ന നിലയ്ക്കാണ് പിഎസ്ജി ബയേൺ മ്യൂണിക് സൂപ്പർ താരത്തെ നോട്ടമിട്ടിരിക്കുന്നത്.
നേരത്തെ പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസി ലെവൻഡോസ്കിയെ സ്വന്തമാക്കാൻ ശ്രമിച്ചിരുന്നു. പക്ഷേ ആ ശ്രമങ്ങൾ പരാജയപ്പെട്ടതിനാൽ അവർ പകരം ലൂക്കാകുവിനെ സ്വന്തമാക്കുകയായിരുന്നു. വർഷങ്ങളായി ബുണ്ടസ് ലീഗയിൽ കളിക്കുന്ന ലെവൻഡോസ്കി പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ താൽപര്യപ്പെടുന്നതായി പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
എംബാപ്പെയെ പോലൊരു യുവ താരത്തെ നഷ്ടപ്പെടുന്നത് പിഎസ്ജിക്ക് എന്തു കൊണ്ടും നഷ്ടം തന്നെയാണ്. പക്ഷേ എംബാപ്പെയ്ക്ക് പകരക്കാരനായി ലെവൻഡോസ്കിയെ ടീമിലെത്തിച്ചാൽ അത് വൻ നേട്ടം തന്നെയായിരിക്കുമെന്നാണ് പിഎസ്ജി മാനേജ്മെൻ്റ് കണക്ക് കൂട്ടുന്നത്.