Published
10 months agoon
ഇറ്റാലിയൻ ടോപ്പ് ഡിവിഷൻ ക്ലബ്ബായ എഎസ് റോമ ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസിയിൽ നിന്ന് യുവ മുന്നേറ്റ താരമായ ടാമ്മി എബ്രഹാമിനെ സ്വന്തമാക്കി. ടാമ്മി എബ്രഹാമിനായി 40 മില്യൺ യൂറോയാണ് എഎസ് റോമ മുടക്കിയത്.
ചെൽസിയുടെ യൂത്ത് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് ടാമ്മി എബ്രഹാം. 2016-ലാണ് അദ്ദേഹം ചെൽസി സീനിയർ ടീമിനു വേണ്ടി അരങ്ങേറ്റം കുറിച്ചത്. ക്ലബ്ബിന് വേണ്ടി മൊത്തം 80 മത്സരങ്ങളിൽ കളത്തിലിറങ്ങിയ താരം 30 ഗോളുകളും, 12 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.
ചെൽസിയുടെ ഭാഗമായിരിക്കെ ബ്രിസ്റ്റോൾ സിറ്റി, സ്വാൻസി സിറ്റി, ആസ്റ്റൺ വില്ല തുടങ്ങിയ ടീമുകൾക്ക് വേണ്ടി അദ്ദേഹം ലോൺ വ്യവസ്ഥയിൽ കളിച്ചിട്ടുണ്ട്. ആസ്റ്റൺ വില്ലയ്ക്ക് വേണ്ടി 37 മത്സരങ്ങൾ കളിച്ച താരം 25 ഗോളുകളാണ് അടിച്ചു കൂട്ടിയത്. പ്രീമിയർ ലീഗിൽ മികച്ച പ്രകടനം തന്നെ ഈ യുവ താരം പുറത്തെടുത്തു.
വെറും 23 വയസ്സ് മാത്രം പ്രായമുള്ള ടാമ്മി എബ്രഹാം ഇംഗ്ലണ്ടിൻ്റെ അണ്ടർ-18, അണ്ടർ-19, അണ്ടർ-21 ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്. 2017-ൽ ഇംഗ്ലണ്ട് സീനിയർ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട താരം 6 മത്സരങ്ങൾ കളിക്കുകയും 1 ഗോൾ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പ്രകടന മികവാണ് അദ്ദേഹത്തെ എഎസ് റോമയിൽ എത്തിച്ചത്.
നീണ്ട 5 വർഷത്തെ കരാറാണ് എഎസ് റോമ താരത്തിന് നൽകിയിരിക്കുന്നത്. ഈ കരാർ പ്രകാരം അദ്ദേഹത്തിന് 2026 വരെ ക്ലബ്ബിൽ തുടരാൻ സാധിക്കും. ഉയരക്കാരനായ ഈ മുന്നേറ്റ താരത്തിന് ഇറ്റാലിയൻ ലീഗിൽ തൻ്റെ പ്രകടന മികവ് ആവർത്തിക്കാൻ കഴിയുമോ എന്ന് നമുക്ക് കാത്തിരുന്നു കാണാം.