Published
7 months agoon
കഴിഞ്ഞ കുറച്ച് വർഷങ്ങളായി കേരള ബ്ലാസ്റ്റേഴ്സ് എന്ന മലയാളികളുടെ സ്വന്തം ക്ലബ്ബിന് ആരാധകർ ആഗ്രഹിക്കുന്ന ഒരു റിസൾട്ട് നൽകാൻ കഴിഞ്ഞിട്ടില്ല. ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിച്ച ആദ്യ വർഷം തന്നെ ഫൈനലിൽ എത്തി ആരാധകരുടെ പ്രതീക്ഷയെ വാനോളം ഉയർത്താൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചിരുന്നു. ഫൈനലിൽ എടികെ കൊൽക്കത്തയോട് പരാജയപ്പെട്ടെങ്കിലും ആരാധകരുടെ ഹൃദയം കീഴടക്കിയാണ് കേരള ബ്ലാസ്റ്റേഴ്സ് ആദ്യ സീസണിലെ പോരാട്ടം അവസാനിപ്പിച്ചത്.
തൊട്ടടുത്ത സീസണിൽ പാടെ തകർന്നടിഞ്ഞെങ്കിലും 2016-ൽ വീണ്ടും ഫൈനലിൽ എത്തി ആരാധകരെ ഒന്നടങ്കം ആവേശത്തിൻ്റെ പരകോടിയിൽ എത്തിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചു. നിർഭാഗ്യവശാൽ രണ്ടാം തവണയും ഫൈനലിൽ എടികെ കൊൽക്കത്തയ്ക്ക് മുമ്പിൽ കിരീടം അടിയറ വെക്കാനായിരുന്നു ബ്ലാസ്റ്റേഴ്സിൻ്റെ വിധി. പക്ഷേ ആദ്യ മൂന്ന് സീസണുകളിൽ നിന്ന് രണ്ട് തവണ ഫൈനലിൽ എത്താൻ കഴിഞ്ഞതോടെ കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എല്ലിലെ ഫേവറിറ്റുകളായി മാറി.
പിന്നീട് ഇന്ത്യൻ ഫുട്ബോൾ ലോകത്തെയാകെ ഞെട്ടിച്ചു കൊണ്ട് വൻ ആരാധകവൃന്ദത്തെയാണ് കേരള ബ്ലാസ്റ്റേഴ്സ് സൃഷ്ടിച്ചത്. തുടർന്നുള്ള ഓരോ സീസണുകളിലും വലിയ തോതിലുള്ള ഹൈപ്പാണ് കേരള ബ്ലാസ്റ്റേഴ്സ് ടീമിന് ലഭിച്ചു കൊണ്ടിരുന്നത്. സീസൺ ആരംഭിക്കുന്നതിന് മുമ്പ് തന്നെ വൻ വീരവാദങ്ങളാണ് എല്ലായ്പ്പോഴും ബ്ലാസ്റ്റേഴ്സ് ആരാധകർ മുഴക്കിയത്. പക്ഷേ വെറും കടലാസിലെ പുലികൾ മാത്രമായി ഒതുങ്ങിപ്പോവുകയായിരുന്നു കേരള ബ്ലാസ്റ്റേഴ്സ്.
സോഷ്യൽ മീഡിയയിൽ കരുത്ത് കാണിച്ച കേരള ബ്ലാസ്റ്റേഴ്സിന് അത് കളിക്കളത്തിൽ നിലനിർത്താൻ കഴിഞ്ഞില്ല. 2016-ന് ശേഷം ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് പഴയകാല പ്രതാപത്തിൻ്റെ നിഴൽ മാത്രമാണ്. ഇക്കാര്യം വളരെ വ്യക്തമായി അറിയുന്ന വ്യക്തിയാണ് കേരള ബ്ലാസ്റ്റേഴ്സിൻ്റെ പുതിയ പരിശീലകനായ ഇവാൻ വുക്കോമാനോവിച്ച്. അതിനാൽ ടീമിൻ്റെ മുൻകാല സമീപനങ്ങളോട് ഒട്ടും ചേർന്നു നിൽക്കാൻ അദ്ദേഹം തയ്യാറല്ല.
കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എത്രാം സ്ഥാനത്തായാണ് സീസൺ അവസാനിപ്പിച്ചതെന്ന് ഇവാൻ വുക്കോമാനോവിച്ചിന് അറിയാം. അതു കൊണ്ട് തന്നെ കഴിഞ്ഞ വർഷം പോയിൻ്റ് പട്ടികയിൽ അവസാന സ്ഥാനത്ത് നിലയുറപ്പിച്ച ടീമായതിനാൽ ഇത്തവണ കൂടുതൽ അവകാശവാദങ്ങൾ ഉയർത്തുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. യാഥാർത്ഥ്യത്തിൽ നിന്ന് കൊണ്ടാണ് അദ്ദേഹം ബ്ലാസ്റ്റേഴ്സ് ആരാധകർക്കുള്ള സന്ദേശം വ്യക്തമാക്കിയത്.
ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ ഏഴാം സീസണിൽ മൊത്തം 11 ടീമുകളാണ് ഉണ്ടായിരുന്നത്. സീസൺ അവസാനിച്ചപ്പോൾ ഒഡിഷ എഫ്സിക്ക് തൊട്ട് മുകളിലായി പത്താം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ് നിലകൊണ്ടത്. ലീഗിൽ അവസാന സ്ഥാനത്തായാണ് ഞങ്ങൾ ഉണ്ടായിരുന്നത്. അതിനാൽ വലിയ ലക്ഷ്യങ്ങളെക്കുറിച്ച് സംസാരിക്കാൻ ഞങ്ങൾക്ക് അവകാശമില്ല. വീരവാദങ്ങൾ മുഴക്കാതെ വായടച്ച് ലക്ഷ്യം നേടാൻ പരമാവധി ശ്രമിക്കുകയാണ് ടീം ചെയ്യുകയെന്ന് അദ്ദേഹം പറഞ്ഞു.ഇന്ത്യൻ സൂപ്പർ ലീഗിലെ ഓരോ മത്സരവും കേരള ബ്ലാസ്റ്റേഴ്സ് എന്ന ടീമിന് അതീവ പ്രാധാന്യമർഹിക്കുന്നതാണ്. ഓരോ മത്സരവും ഒരേ ആവേശത്തോടെ കാണുകയും വിജയിക്കാനുള്ള മനോഭാവം ഉണ്ടാവുകയും ചെയ്താൽ മാത്രമേ കേരള ബ്ലാസ്റ്റേഴ്സിന് ഇത്തവണ ലീഗിൽ മുന്നേറ്റം നടത്താൻ കഴിയുകയുള്ളൂ. തോൽവിയും, വിജയവും മത്സരത്തിൻ്റെ ഭാഗമാണ്. വിജയത്തിനായുള്ള പരിശ്രമം ടീമിൽ നിന്ന് ഉണ്ടായോ എന്നുള്ളതാണ് ഏവരും ഉറ്റു നോക്കുക.
എല്ലാ ടീമുകൾക്കും വിജയ വഴിയിൽ തിരിച്ചെത്താൻ സമയം ആവശ്യമാണ്. കേരള ബ്ലാസ്റ്റേഴ്സ് എന്ന ടീമും ഇക്കാര്യത്തിൽ വ്യത്യസ്തമല്ല. എങ്കിലും ഇത്തവണ പ്രീ സീസൺ പരിശീലനം നേരത്തെ ആരംഭിക്കാൻ സാധിച്ചത് ടീമിന് ഗുണകരമായി മാറും. ഇന്ത്യൻ സൂപ്പർ ലീഗിൽ മികച്ച ഫലങ്ങൾ നേടാനുള്ള ശ്രമം ടീമിൽ നിന്ന് തീർച്ചയായും ഉണ്ടാകും.
മുൻ കാല പരിശീലകരിൽ നിന്നും തികച്ചും വ്യത്യസ്തമായ നിലപാട് സ്വീകരിച്ച, വീരവാദങ്ങൾ മുഴക്കാതെ യാഥാർത്ഥ്യത്തിൽ നിന്നു കൊണ്ട് സംസാരിച്ച ഇവാൻ വുക്കോമാനോവിച്ച് എന്ന സെർബിയൻ തന്ത്രജ്ഞൻ ഇത്തവണ കേരള ബ്ലാസ്റ്റേഴ്സിനെ വിജയത്തിൽ എത്തിക്കുമെന്ന് തന്നെ ആരാധകർക്ക് പ്രതീക്ഷിക്കാം.