Published
10 months agoon
ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ എടികെ മോഹൻ ബഗാൻ ഗോൾകീപ്പറും, കഴിഞ്ഞ സീസണിലെ ഗോൾഡൻ ഗ്ലൗ ജേതാവുമായ അരിന്ദം ഭട്ടാചാര്യയെ സ്വന്തമാക്കാൻ ഒഡിഷ എഫ്സി സജീവമായി രംഗത്ത്. എടികെ മോഹൻ ബഗാനുമായി ഒരു വർഷത്തെ കരാർ കൂടി ബാക്കിയുണ്ടായിരുന്ന താരം അടുത്തിടെയാണ് പരസ്പര ധാരണ പ്രകാരം ക്ലബ്ബുമായി വഴി പിരിഞ്ഞത്.
32 വയസ്സ് പ്രായമുള്ള അരിന്ദം ഭട്ടാചാര്യ എടികെ കൊൽക്കത്തയ്ക്കൊപ്പം ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം സ്വന്തമാക്കിയ താരമാണ്. 2018 മുതൽ 2020 വരെ എടികെ കൊൽക്കത്തയുടെ ഒന്നാം നമ്പർ ഗോൾകീപ്പറായിരുന്ന താരത്തെ എടികെ മോഹൻ ബഗാൻ എന്ന പുതിയ ക്ലബ്ബ് രൂപീകരിച്ചപ്പോഴും ടീമിൽ നിലനിർത്തുകയായിരുന്നു.
നേരത്തെ അരിന്ദം ഭട്ടാചാര്യയെ സ്വന്തമാക്കാൻ ഈസ്റ്റ് ബംഗാൾ ശ്രമിക്കുന്നുണ്ടെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു. മറ്റ് ഐഎസ്എൽ ക്ലബ്ബുകളായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഹൈദരാബാദ് എഫ്സി എന്നിവരും താരത്തെ സ്വന്തമാക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു.
എന്നാൽ നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഒഡിഷ എഫ്സിയാണ് താരത്തിനായി മുൻപന്തിയിലുള്ളത്.
ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ മുംബൈ സിറ്റി എഫ്സിയിൽ നിന്നും 2018-ൽ എടികെ കൊൽക്കത്തയിൽ എത്തിയ താരത്തിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇന്ത്യൻ സൂപ്പർ ലീഗിലെ മികച്ച ഗോൾകീപ്പർമാരിൽ ഒരാളായി അദ്ദേഹം മാറുകയായിരുന്നു. 10 ക്ലീൻ ഷീറ്റുകളോടെയാണ് കഴിഞ്ഞ സീസണിലെ മികച്ച ഗോൾകീപ്പറിനുള്ള ഗോൾഡൻ ഗ്ലൗ പുരസ്കാരം അരിന്ദം ഭട്ടാചാര്യ സ്വന്തമാക്കിയത്.
മുംബൈ സിറ്റി എഫ്സിയിൽ നിന്ന് അമരീന്ദർ സിംഗിനെ എടികെ മോഹൻ ബഗാൻ ടീമിൽ എത്തിച്ചതോടെയാണ് അരിന്ദം ഭട്ടാചാര്യയുടെ ഭാവി അനിശ്ചിതത്വത്തിലായത്. അടുത്തിടെ കഴിഞ്ഞ എഎഫ്സി കപ്പ് മത്സരങ്ങളിലും ടീമിൻ്റെ ഒന്നാം നമ്പർ ഗോൾകീപ്പറായി കളത്തിലിറങ്ങിയത് അമരീന്ദർ സിംഗായിരുന്നു.
കഴിഞ്ഞ സീസണിലെ മികച്ച ഗോൾകീപ്പറായ അരിന്ദം ഭട്ടാചാര്യയ്ക്ക് തൻ്റെ പുതിയ ക്ലബ്ബിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം. താരത്തിൻ്റെ പുതിയ ക്ലബ്ബ് ഏതായിരിക്കും എന്നതിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ നമുക്ക് ലഭിക്കുന്നതാണ്.
ഇവാൻ വുക്കോമാനോവിച്ച്: ഇത്തവണ വീരവാദങ്ങൾക്കില്ല, ലക്ഷ്യം നേടാൻ കഠിനമായി പരിശ്രമിക്കും
കേരള ബ്ലാസ്റ്റേഴ്സ് ടൈറ്റിൽ സ്പോൺസറായി ബൈജൂസ് തുടരും
പ്രതീക്ഷയോടെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ
Kerala Blasters Extended the contract of the Young Malayalee Defender
ഡെഷ്റോൺ ബ്രൗൺ ഐഎസ്എല്ലിൽ തുടരും, മുൻ ഐഎസ്എൽ താരം ഐ ലീഗിലേക്ക്