INDIAN FOOTBALL
ഇന്ത്യൻ ഫുട്ബോളിലെ കരുത്തനായ പ്രതിരോധ ഭടൻ


Continue Reading
Published
11 months agoon
ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് കാലം കരുതി വെച്ച പോരാളിയാണ് പ്രതിരോധ നിരയിലെ കരുത്തനായ സന്ദേശ് ജിംഗൻ. 2014-ൽ ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിക്കുന്നത് വരെ സന്ദേശ് ജിംഗൻ എന്ന ഫുട്ബോൾ താരം ഇന്ത്യൻ ഫുട്ബാൾ ആരാധകർക്ക് അത്ര പരിചിതനായിരുന്നില്ല.
എന്നാൽ ഇന്ത്യൻ സൂപ്പർ ലീഗിൽ മലയാളികളുടെ പ്രിയപ്പെട്ട ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിൻ്റെ ജേഴ്സി അണിഞ്ഞതോടെ ഇന്ത്യൻ ദേശീയ ടീമിന് ഭാവിയിൽ മികച്ച ഒരു പ്രതിരോധ താരത്തെയാണ് ലഭിക്കാൻ പോകുന്നതെന്ന് അന്ന് ആരും ചിന്തിച്ചിരുന്നില്ല.
ഒന്നുമില്ലായ്മയിൽ നിന്നും ഉയർന്നു വന്ന് ഇപ്പോൾ ഉയർച്ചയുടെ പരകോടിയിൽ എത്തി നിൽക്കുന്ന താരമാണ് സന്ദേശ് ജിംഗൻ. 1993-ൽ ചാണ്ഡിഗറിലാണ് സന്ദേശ് ജിംഗൻ്റെ ജനനം. സെൻ്റ് സ്റ്റീഫൻ അക്കാദമിയിലൂടെയാണ് അദ്ദേഹം ഫുട്ബോളിലേക്ക് ചുവടു വെച്ചത്. അക്കാദമിയിലെ നീണ്ട നാളത്തെ പരിശീലനത്തിനു ശേഷം 2011-ൽ യുണൈറ്റഡ് സിക്കിം എന്ന ക്ലബ്ബിലൂടെയാണ് അദ്ദേഹം തൻ്റെ പ്രൊഫഷണൽ ഫുട്ബോൾ കരിയർ ആരംഭിച്ചത്.
2011 മുതൽ 2013 വരെ അദ്ദേഹം യുണൈറ്റഡ് സിക്കിമിൽ കളി തുടർന്നു. രണ്ടു വർഷത്തിനു ശേഷം ക്ലബ്ബിനോട് വിട പറഞ്ഞ താരം ഐ ലീഗ് ക്ലബ്ബായ മുംബൈ എഫ്സിയിൽ എത്തി. ഐ ലീഗിൽ 11 മത്സരങ്ങളിൽ കളത്തിലിറങ്ങിയ താരം മുംബൈ എഫ്സിക്കായി ശ്രദ്ധേയമായ പ്രകടനമാണ് നടത്തിയത്. പിന്നീട് 2014-ൽ ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിച്ചപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ഈ താരത്തെ സ്വന്തമാക്കുകയായിരുന്നു.
ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ അരങ്ങേറ്റ സീസണിൽ തന്നെ ക്ലബ്ബിനായി മികച്ച പ്രകടനം നടത്തിയ താരം ഐഎസ്എൽ എമേർജിങ് പ്ലെയർ ഓഫ് ദ സീസൺ അവാർഡ് കരസ്ഥമാക്കി. ആദ്യ സീസണിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിൽ എത്തുകയും ചെയ്തു. ഇന്ത്യൻ സൂപ്പർ ലീഗിൽ കാഴ്ച വെച്ച പ്രകടനത്തിൻ്റെ അടിസ്ഥാനത്തിൽ അതേ വർഷം തന്നെ അദ്ദേഹത്തിന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ്റെ എമേർജിങ് പ്ലെയർ ഓഫ് ദ ഇയർ അവാർഡും ലഭിച്ചു.
പിന്നീടങ്ങോട്ട് തുടർച്ചയായി ആറു വർഷത്തോളം കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടിയാണ് അദ്ദേഹം കളത്തിലിറങ്ങിയത്. ഇപ്പോഴും കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത് സാക്ഷാൽ സന്ദേശ് ജിംഗൻ തന്നെയാണ്.
ഒരു യുവ താരമായി കേരള ബ്ലാസ്റ്റേഴ്സിൽ എത്തി പിന്നീട് ക്ലബ്ബിൻ്റെ ക്യാപ്റ്റനായി മാറി കളിക്കളത്തിലെ തൻ്റെ പോരാട്ട വീര്യം കൊണ്ട് ആരാധക ഹൃദയങ്ങൾ കീഴടക്കിയ താരമാണ് സന്ദേശ് ജിംഗൻ. കേരള ബ്ലാസ്റ്റേഴ്സിനൊപ്പം രണ്ട് തവണ ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിലെത്താനും അദ്ദേഹത്തിന് സാധിച്ചു.
കേരള ബ്ലാസ്റ്റേഴ്സിനായി തിളങ്ങിയതോടെയാണ് അദ്ദേഹത്തിന് ഇന്ത്യൻ ദേശീയ ടീമിലേക്ക് അവസരം ലഭിച്ചത്. തുടർന്ന് ഇന്ത്യൻ ദേശീയ ടീമിൻ്റെ പ്രതിരോധ നിരയിലെ കരുത്തനായ പോരാളിയായി അദ്ദേഹം മാറുകയായിരുന്നു. 2020-ൽ അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിനോട് വിട പറഞ്ഞപ്പോൾ ആദരസൂചകമായി സന്ദേശ് ജിംഗൻ ധരിച്ചിരുന്ന ഇരുപത്തി രണ്ടാം നമ്പർ ജേഴ്സി ഔദ്യോഗികമായി ക്ലബ്ബ് പിൻവലിച്ചിരുന്നു.
ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ ഏഴാം സീസണിൽ എടികെ മോഹൻ ബഗാന് വേണ്ടി കളിച്ച സന്ദേശ് ജിംഗൻ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അടുത്തിടെ കഴിഞ്ഞ സൗഹൃദ മത്സരങ്ങളിലും, ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലും ഇന്ത്യൻ ദേശീയ ടീമിനായി കളത്തിലിറങ്ങിയ സന്ദേശ് ജിംഗൻ മൊത്തം 40 മത്സരങ്ങൾ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്.
കായിക രംഗത്ത് അദ്ദേഹം നടത്തിയ പ്രകടനത്തിൻ്റെ അടിസ്ഥാനത്തിൽ 2020-ൽ രാജ്യം സന്ദേശ് ജിംഗനെ അർജുന അവാർഡ് നൽകി ആദരിച്ചു. 2021-ൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ്റെ പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരവും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. കാൽപ്പന്തു കളിയിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തി പ്രതിരോധത്തിൻ്റെ കരുത്തുറ്റ പ്രതീകമായി മാറിയ സന്ദേശ് ജിംഗന് ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.