Published
10 months agoon
ഒരു എംഎംഎ (മിക്സഡ് മാർഷ്യൽ ആർട്സ്) ഫൈറ്ററെ കേന്ദ്ര കഥാപാത്രമാക്കിയുള്ള പോളിഷ് ആക്ഷൻ സിനിമയാണ് ബാർട്ട്കോവിയക്. 2021-ലാണ് സിനിമ പുറത്തിറങ്ങിയത്. ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലാണ് ഈ സിനിമ കാണാൻ കഴിയുക. സിനിമ ആരംഭിക്കുന്നത് തന്നെ ഒരു ഫൈറ്റ് രംഗത്തോടെയാണ്.
ടോമെക് ബാർട്ട്കോവിയക് എന്ന മിക്സഡ് മാർഷ്യൽ ആർട്സ് ഫൈറ്ററാണ് ഈ സിനിമയിലെ നായകൻ. സിനിമ ആരംഭിക്കുമ്പോൾ കാണിക്കുന്നത് ടോമെക് ബാർട്ട്കോവിയക് മറ്റൊരു ഫൈറ്ററുമായി റിങ്ങിൽ ഏറ്റുമുട്ടുന്നതാണ്. റെപെക് എന്ന് പേരുള്ള ഫൈറ്ററാണ് ടോമെകിൻ്റെ എതിരാളി.
ടൊമെകിൻ്റെ കോച്ചും, സഹോദരനായ വിക്ടറും അദ്ദേഹത്തിന് വേണ്ടി ആർപ്പു വിളിക്കുന്നുണ്ട്. പക്ഷേ ആ മത്സരത്തിൽ ടോമെക് പരാജയപ്പെടുന്നു. സിനിമയുടെ അടുത്ത രംഗത്തിൽ നമുക്ക് കാണാൻ കഴിയുക ഒരു ക്ലബ്ബിൻ്റെ സെക്യൂരിറ്റി ഡിപ്പാർട്ട്മെൻ്റിൽ ജോലി ചെയ്യുന്ന ടോമെകിനെയാണ്.
പിന്നീട് തികച്ചും അപ്രതീക്ഷിതമായി ടോമെകിൻ്റെ സഹോദരനായ വിക്ടർ ഒരു റോഡപകടത്തിൽ മരണപ്പെടുന്നു. സഹോദരൻ്റെ മരണ ശേഷം ഫാമിലി ക്ലബ്ബിൻ്റെ ചുമതല ടോമെക് ഏറ്റെടുക്കുന്നു. പക്ഷേ ടോമെകിൻ്റെ ഫാമിലി ക്ലബ്ബ് പിടിച്ചെടുക്കാനായി ഒരു വലിയ മാഫിയ സംഘം തന്നെ ശ്രമിക്കുന്നുണ്ടായിരുന്നു.
അങ്ങനെയാണ് തൻ്റെ സഹോദരൻ്റെ മരണത്തിന് പിന്നിൽ ഒരു റിയൽ എസ്റ്റേറ്റ് മാഫിയയാണെന്ന സത്യം ടോമെക് തിരിച്ചറിയുന്നത്. പിന്നീട് ഈ മാഫിയയോട് പകരം ചോദിക്കാനിറങ്ങുന്ന നായകൻ്റെ കഥയാണ് ചിത്രം പറയുന്നത്. പക്ഷേ സിനിമയുടെ കഥ ഇഴഞ്ഞു നീങ്ങുന്നത് ഏതൊരു പ്രേക്ഷകനെയും ബോറടിപ്പിക്കും.
സിനിമയുടെ തുടക്കം നമ്മളെ ആവേശത്തിലാഴ്ത്തുമെങ്കിലും പിന്നീടങ്ങോട്ട് പ്രതീക്ഷിച്ച നിലവാരം പുലർത്തുന്നില്ല. അവസാനം ക്ലൈമാക്സ് രംഗത്തോട് അടുക്കുമ്പോൾ മാത്രമാണ് സിനിമയ്ക്ക് ജീവൻ വെയ്ക്കുന്നത്. സിനിമയുടെ പല ഭാഗത്തും സ്ഥിരം ക്ലീഷേ രംഗങ്ങൾ നമുക്ക് കാണാൻ സാധിക്കും.
പ്രശസ്ത പോളിഷ് നടിയായ സോഫിയ ഡൊമാലിക് സിനിമയിൽ മികച്ച അഭിനയമാണ് കാഴ്ച വെയ്ക്കുന്നത്. ഒരു ആക്ഷൻ സിനിമയെ അതിൻ്റേതായ നിലവാരത്തിലേക്ക് എത്തിക്കാൻ ഒരിക്കൽ പോലും “ബാർട്ട്കോവിയക്” എന്ന പോളിഷ് സിനിമയ്ക്ക് സാധിച്ചിട്ടില്ല. നെറ്റ്ഫ്ലിക്സിൽ വളരെ കുറഞ്ഞ റേറ്റിംഗാണ് ഈ സിനിമയ്ക്ക് പ്രേക്ഷകർ നൽകിയിട്ടുള്ളത്.